Wednesday, 18 January 2017

സാക്ഷ്യം (സത്യബോധത്തിന്റെ)

ഇന്നലെകൾ ഇല്ലാതെയാകുന്നതും
നാളെയുടെ പാതയോരങ്ങളിൽ മുൾവനങ്ങൾ പൂവിടുന്നതും
നാമറിയുന്നു.
പ്രിയേ;
നാം നമ്മുടെ ജീവൻ തളച്ചിട്ട പുൽപ്പരപ്പുകളിൽ മഞ്ഞുവീണുറയുന്നു .
കാണാത്ത ചക്രവാളങ്ങളിൽ പ്രാണൻ അളവു തൂക്കുമ്പോൾ
സ്വാർത്ഥമോഹങ്ങളുടെ തടവറകളിൽ,
ഉന്മാദം ഉടലുരുക്കുന്നു.
എല്ലാം ശിക്ഷയുടെ വകഭേദങ്ങളാണ്.
നാം അടക്കിവച്ച അരൂപികളുടെ ആർത്തനാദങ്ങൾ
ദിക്കുകൾ ഭേദിക്കുന്നു.
നമ്മിലെ പ്രണയത്തിന്റെ തോതളക്കാൻ,
നാമിന്നും ആത്മാവിൽ കലഹം കൂടുന്നു.
നീ എന്റെ സത്യബോധത്തിന്റെ സാക്ഷ്യമാണ്.
ഞാനോ...
ജന്മപാപങ്ങളുടെ ഉർവ്വരതയിൽ തപം തുടരുന്നു.

No comments:

Post a Comment