Wednesday, 19 December 2012

തിരയും സന്ധ്യയും 

അടങ്ങാത്ത തിരകള്‍
ഉന്മാദ രുധ്രയായ് മുടിയഴി -
ച്ചലറി ഉടയുന്ന കടല്‍.
ചില നേരത്തുലയും ആത്മ ദാഹമടക്കി
ഏകാകിയായൊരു വിരഹാര്‍ത്തയെ പോല്‍
നോവടക്കി കരയുന്നു.
നോവ്‌
അടങ്ങാത്ത തിരയിളക്കങ്ങളായി
അപ്പോഴും .......
സന്ധ്യ
ആഴ്ന്നിറങ്ങുന്ന
ചെന്തീക്കിരണങ്ങള്‍
പിളരുന്ന ഗര്‍ഭപാത്രം
പിന്നെ
ചുവപ്പ് ധൂളികള്‍,
ചുവന്ന ജലം, ആകാശം.
കവിത
നെഞ്ചകം നോവിക്കുമന്തര്‍ധാര
ഉറവിടും മാത്ര തൊ-
ട്ടുടലിറുക്കങ്ങള്‍
വിങ്ങലുകള്‍
ഒടുവില്‍, ക്രൌര  ശാന്ത രൌദ്ര
ബീജ സങ്കലനങ്ങല്‍ക്കൊടുവില്‍
മേഘ സ്ഫോടനം .
പിന്നെ ഗര്‍ജ്ജനങ്ങള്‍ .

Friday, 3 August 2012

നനഞ്ഞ ചിന്തകള്‍ : നെബു

നനഞ്ഞ ചിന്തകള്‍ : നെബു

പിടി തരാതെ ,
തെന്നി അകലുന്നു 
വിചാരങ്ങല്‍ക്കെതാത്താത്ത 
വിചിത്രമെങ്കിലും വിടാതെ 
എന്റെ ബോധങ്ങളില്‍ തരംഗങ്ങളായി ,
അഗ്നി സ്പുലിംഗങ്ങളായി വിടരുന്നു.
ചോദ്യങ്ങള്‍...... ...
വിചിന്തനങ്ങള്‍ .....
ഉത്തരം തേടി അലഞ്ഞതെത്ര നാള്‍ വഴികള്‍.
സത്യത്തിന്‍റെ ഉള്ളിലെ സത്യങ്ങള്‍ എല്ലാം 
പുഴുത്ത  വേദ പുസ്തകങ്ങളില്‍ കുഴിച്ചിട്ടിരിക്കുന്നു.
നാറുന്ന നാവാട്ടങ്ങളാല്‍ അവയ്ക്കുമേല്‍ 
അധികാരത്തിന്‍ വിഷാക്ഷര മുദ്രകള്‍.
മര്‍ത്യജീവിതത്തിന്‍ വിചിത്രത.
മഹത്വമെന്നാരോ പറഞ്ഞ 
പൊള്ള കഥ.
മുടിഞ്ഞ പാരമ്പര്യം
പകുത്തെടുക്കാന്‍ അവകാശികള്‍.
പെരുക്കുന്നു 
ഇനി ചേര്‍ക്കാന്‍ ആകാത്തവണ്ണം
മുറിച്ചിരിക്കുന്നു ഭൂമിയെ.
ആര്‍ക്കാണ് അവകാശം?
ഈ മനോഹരോധ്യാനത്തിനു മേല്‍
പുഴകള്‍ക്ക് മേല്‍, മലകള്‍ക്ക് മേല്‍
 മഹാ സാഗരങ്ങള്‍ക്ക് മേല്‍..
വെറുതെ കിട്ടിയ മണ്ണിന്നായ്
വടം വലി.. 
ഇവിടെ...
തോല്‍ക്കുന്നവര്‍ക്കും ജയിക്കുന്നവര്‍ക്കും ഇടയില്‍
പെരുമ്പറ കൊട്ടിയാര്‍ക്കുന്നു 
മുന്‍പത്തെ പടയില്‍ പൊലിഞ്ഞ 
പരേതര്‍.......
ജയിച്ചവര്‍ തോറ്റവര്‍ക്കും
തോറ്റവര്‍ ജയിച്ചവര്‍ക്കും 
പട്ടട ഒരുക്കട്ടെ.
ജയിച്ചവന്റെ വിലാപങ്ങള്‍
തോറ്റവന്റെ സങ്കീര്‍ത്തനങ്ങള്‍ക്ക് മീതെ
ഉയര്‍ന്നിരിക്കട്ടെ.
ഒരിറ്റു കണ്ണുനീര്‍ തുള്ളി പോലും
ഉതിര്‍ക്കാനില്ലാതെ 
ഭൂമി വറ്റി വരണ്ടു പോകട്ടെ.
അങ്ങനെയെങ്കിലും
ജലം വറ്റി എന്റെ ചിന്തകള്‍
മുളയട്ടു പോകട്ടെ....


Sunday, 1 July 2012

ഒരു മറുപടി കത്ത്

കോമാളിത്തരം എന്നല്ലാതെ എന്താ പറയുക. ആരാ ഇപ്പൊ ഇന്നലെത്തെ മഴയില്‍ കുരുത തകര? എന്താ ഇപ്പോഴുള്ള കമ്യുണിസ്റ്റ്കാരൊക്കെ നൂറ്റാണ്ടുകായി ജീവിക്കുന്നവരാണോ?? ഇവര്‍ക്ക് മാത്രമാണോ ചരിത്രം അറിയാവുന്നത്? കേരള ചരിത്രത്തില്‍ ഈ പാര്‍ട്ടിക്കുള്ള സ്ഥാനം എന്തെന്ന് വരും തലമുറ തീരുമാനിക്കും. സ്വാതന്ത്ര സമരം മുതല്‍ ഇങ്ങോട്ട് നോക്കിയാല്‍ ( നിക്ഷ്പക്ഷമായ വായന അവശ്യം) പലപ്പോഴായി ഇവരുടെ കാരണവര്‍ സ്വീകരിച്ചിട്ടുള്ള നയങ്ങള്‍ ഇപ്പോള്‍ ബഹു: സഘാവ് വി എസ് അച്യുതാനന്തന്‍ വിശേഷിപ്പിച്ച കുലംകുത്തി എന്നാ പ്രയോഗത്തെ സാധൂകരിക്കുന്നതാണ്. അപ്പോഴൊക്കെ ഇവരുടെ ന്യായം പാര്‍ടിയുടെ വളര്‍ച്ചക്ക്  ഇത്തരം നിലപാടുകള്‍ ചിലപ്പോഴൊക്കെ സ്വീകരിക്കേണ്ടി വരും എന്നതാണ്. പിന്നെ ഇപ്പോള്‍ ഇവര്‍ നാഴികയ്ക്ക് നാല്പതു വട്ടം ഇ എം എസ്, എ കെ ജി എന്നൊക്കെ പറയുന്നല്ലോ. ഇവരുടെയൊക്കെ പേര് പോലും പറയാന്‍ യോഗ്യതയുള്ള ഒരൊറ്റ കംമ്യുനിസ്റ്റു കാരനും ഇന്നില്ല. ( വി എസ സഘാവിനെ ഞാന്‍ ഇതില്‍ നിന്നും ഒഴിവാക്കുന്നു. അദ്ധേഹത്തെ പറ്റി എന്തകിലും പറയാന്‍ ഞാന്‍ ആളല്ല. ) ഇവരോടൊക്കെ പാര്‍ടി നീതി പുലര്‍ത്തി എന്ന് ആര്‍കെങ്കിലും പറയാന്‍ സാധിക്കുമോ. ഒന്ന് ചോദിക്കട്ടെ. ഇപ്പോള്‍ എന്താണ് മുതലാളിത്തം എന്നത് വലിയ കോലാഹലം ഒന്നും ഉണ്ടാക്കാത്തത്? ഓരോ നേതാവിന്റെയും ആസ്തി ഒന്ന് പരിശോധിക്കുന്നത് നല്ലതാണ്.
 പ്രിയ സുഹൃത്തുക്കളെ,
വര്‍ഗ ബോധമെന്നത് ഒരു കംമ്യുനിസ്റ്റു കാരന് മറ്റൊരു കംമുനിസ്ടുകാരനോട് തോന്നേണ്ട ഒന്നല്ല. ഒരു നല്ല കമുനിസ്റ്റു കാരന് മറ്റൊരു മനുഷ്യ ജീവിയോടു തോന്നേണ്ട സഹ ജീവി ബോധമാണ് എന്നാ തിരിച്ചറിവാണ് ആദ്യമായി ഉണ്ടാകേണ്ടത്. ഞാനിതു എഴുതുമ്പോള്‍, ഞാന്‍ ഒരു കമുനിസ്റ്റ് വിരോധിയാണെന്ന തോന്നല്‍ ആര്‍ക്കും വേണ്ട. എന്റെ ഉള്ളിലും ഉണ്ട് ഉറങ്ങിക്കിടക്കുന്ന ഒരു കമുനിസ്റ്റ്. എന്റെ ചിന്തകളും ഒരു കമുനിസ്റ്റു കാരന്റെത് തന്നെയാണ്. എന്നാല്‍ അതിനു ഒരുപാട് വ്യത്യാസങ്ങള്‍ ഉണ്ട്. 
ഒരു നേതാവിന് ജയ്‌ വിളിച്ചു നടക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തനതോട് എനിക്ക് പുച്ഛമാണ്. അത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു പ്രക്രിയയാണ്. ഇന്ന് നമുക്കാവശ്യം ബുദ്ധിയുള്ള തലച്ചോറുകളുടെ കൂട്ടായ്മയാണ്. മനുഷ്യരാശിയുടെ മുന്‍പോട്ടുള്ള യാത്രയ്ക്ക് പാതയൊരുക്കാന്‍, തടസ്സങ്ങളില്ലാത്ത പുരോഗതിയുടെ വഴി തുറക്കാന്‍ ഉതകുന്ന പുതു പുതു ആശയങ്ങളുടെ കൂട്ടായ്മ.  

Saturday, 30 June 2012

ഒറ്റപ്പെടല്‍ ഒരു വേദനയല്ല. അത് ഒരു തിരിച്ചറിവാണ്. 
ഏകാന്തമായ ഒരു തപസ്സ് എല്ലാ വേദനകളെയും അകറ്റുന്നതാണ്.
ഒറ്റപ്പെടുന്നവര്‍ ആരാല്‍ ആണ് ഒറ്റപ്പെടുന്നത്?
ആരോ ഒപ്പമുണ്ട് എന്നത് ഒരു തോന്നല്‍ മാത്രമാണ്.
ഏകാന്തതയെ ഭയക്കുന്ന മനസ്സിന്റെ ഭീതി.
എല്ലാ മനുഷ്യനും ഒറ്റപ്പെട്ട ഒരു ദ്വീപാണ്.
 

Wednesday, 13 June 2012

കൊലപാതക രാഷ്ട്രീയം

കൊല്ലപ്പെടുന്നത് ആരായിരുന്നാലും മനുഷ്യന്‍റെ ജീവിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നു കയറ്റമാണ് ഇതെല്ലാം. എന്ത് തരം രാഷ്ട്രീയമാണിത് ? എന്തു തരം മത്സരമാണിത്‌? ഇവിടെ ജയിക്കുന്നതാര് തോല്‍ക്കുന്നതാര്? ഒരു വ്യക്തി കൊലചെയ്യപ്പെടുമ്പോള്‍ അവിടെ തോല്‍ക്കുന്നത് ഇന്ത്യന്‍ ജനാതിപത്യമാണ്. തലമുറകളായി നമ്മള്‍ കേട്ട് വളര്‍ന്ന (നിര്‍ഭാഗ്യവശാല്‍ ഒരിക്കലും ഒരിക്കലും അനുഭവിക്കാന്‍ സാധിച്ചിട്ടില്ലാത്ത) സോഷ്യലിസം എന്ന മഹത്തായ ആശയമാണ്.
മനുഷ്യന്‍റെ നന്മക്കു വേണ്ടി ഉതകാത്ത എന്തു രാഷ്ട്രീയമാണ് നമുക്ക് വേണ്ടത്. കാടതത്തിന്റെ ഈ രാഷ്ട്രീയം, പുരാതന ഗുഹാ മനുഷ്യനിലെയ്ക്കുള്ള തിരിച്ചു പോക്കാണ്. ആശയങ്ങള്‍ക്കും പ്രത്യയ ശാസ്ത്രങ്ങള്‍ക്കും വേണ്ടി എന്തിനാണ് ഒരു യുദ്ധം? ഇതൊക്കെ എന്തിനാണ് മറ്റുള്ളവര്‍ക്കുമേല്‍ അടിചെല്‍പ്പിക്കുന്നത്? ഒരു ആശയമോ പ്രത്യയ ശാസ്ത്രമോ, അത് നല്ലത് എങ്കില്‍; നമയെങ്കില്‍, അത് ജനങ്ങള്‍ സ്വീകരിക്കും. അല്ലാതതെങ്കില്‍ ഇന്നല്ലെങ്കില്‍ നാളെ അതെല്ലാം തിരസ്കരിക്കപ്പെടുക തന്നെ ചെയ്യും. എത്ര ശക്തിയായി അത് അടിച്ച്ചെല്‍പ്പിക്കപ്പെടുന്നുവോ, അതിന്റെ ഇരട്ടി ശക്തിയില്‍ അത് തിരിച്ചടിക്കും. വലതു പക്ഷ രാഷ്ട്രീയമായാലും ഇടതു പക്ഷമായാലും വരും തലമുറ നിങ്ങളോട് ക്ഷമിക്കുകയില്ല. ഈ രാജ്യത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കുവാന്‍ നിങ്ങള്ക്ക് ലഭിച്ച അവസരം നിങ്ങള്‍ ശരിയായി വിനിയോഗിച്ചില്ല എങ്കില്‍, ചരിത്രത്തില്‍ നിങ്ങള്‍ക്കുള്ള പേര് വഞ്ചകന്‍ എന്നായിരിക്കും.

      രക്തസാക്ഷികള്‍ ആരായിരുന്നു എന്നത് ഒരു തര്‍ക്കമാണ് അവശേഷിപ്പിക്കുന്നത്. ചൈനയിലും ക്യുബയിലും ഇന്ത്യയിലും മറ്റനേകം രാജ്യങ്ങളിലും സ്വാതന്ത്ര്യത്തിനു വേണ്ടി  പൊരുതിയ ലക്ഷ കണക്കിന് ജനങ്ങള്‍ കൊന്നോടുക്കപ്പെട്ടു. അവരുടെ രേക്തസാക്ഷിത്വം ഒരു രാജ്യത്തിന് വേണ്ടിയായിരുന്നു. ജനതയുടെ ഉയര്പ്പിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ഒട്ടനേകം പേരെ കുറിച്ച് നമ്മള്‍ പഠിച്ചിട്ടുണ്ട്. അവരുടെയൊക്കെ പേരിനു കളങ്കമാണ് ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രെക്തസാക്ഷി എന്നാ പദം പോലും. എന്തിനു വേണ്ടിയാണു ഇവര്‍ മരിച്ചത്? ആര്‍ക്കുവേണ്ടി? ഇവരുടെ മരണം കൊണ്ട് ആര്‍ക്ക് എന്ത് പ്രയോജനമാണ് ഉണ്ടായത്? മറ്റാര്‍ക്കോ അധികാരം നിലനിര്‍ത്താന്‍, അല്ലെങ്കില്‍ അതിലെയ്ക്കെതാന്‍ ഒരു ചവിട്ടു പടി. അല്ലെങ്കില്‍ ഏതെങ്കിലും തെറ്റിന് മറയിടാന്‍. മരണം കൊണ്ട് ഒരു മറ.
 ഇതിനു ഒരു അറുതി വേണ്ടേ...ഇന്ന് ഭരിക്കുന്നവരും പ്രതിപക്ഷതിരിക്കുന്നവരും അല്ലെങ്കില്‍ ഇനി ഏതെങ്കിലും കക്ഷിയുന്ടെങ്കില്‍ അവരും ഇതിനൊരു തടയിടും എന്ന് കരുതേണ്ട. ഇനി നമ്മുടെ ഊഴമാണ്. 

Friday, 4 May 2012


ദൂരം : നെബു എബ്രഹാംമഴ പെയ്തൊഴിഞ്ഞ വയലുകളില്‍ 
ചേറിന്റെ മണം.
നിലാവിന്റെ വെള്ളി വെളിച്ചത്തില്‍ 
നീന്തുന്ന നിശാ ശലഭങ്ങള്‍.
കരിഞ്ഞ നിഴലുകള്‍,
നരച്ച മേഘപാളികളില്‍ തെളിഞ്ഞ്
നിഷേധിയുടെ മസ്തിഷ്കം പോലെ
ഉരുണ്ടു നീങ്ങുന്നു.
ആലോചനകള്‍ പിടിതരാതെ
ഒഴിഞ്ഞു പോകുന്നു.
ഈ നിലവിന്നപ്പുറം
കട്ടപിടിച്ച ഇരുട്ടാണ്‌.
കാലവും സമയവും 
ഒരേ രഥത്തില്‍ ചലിക്കുന്നു.
മൂടിയ നിശബ്ദതയില്‍ ആരോ 
പേര് ചൊല്ലി വിളിക്കുമ്പോലെ.
അടഞ്ഞ ശബ്ദം.
ആത്മാവില്‍ നിന്നുമാവാം
അല്ലാതെ ആരാവാന്‍ 
ചിലവാകാതെ ബാക്കിവന്ന വരികള്‍ 
ഒരുപാടുണ്ട്.
അഗാതങ്ങളില്‍ അത് കുഴിച്ചിട്ടിരിക്കുന്നു.
വെളിച്ചത്തിനും ഇരുട്ടിനും ഇടയിലെ ദൂരം 
കാലടികള്‍ കൊണ്ട് അളന്നു നോക്കി
അത്ര ദൂരമില്ല.
ആകാശവും ഭൂമിയും തമ്മിലാണ്
വലിയ ദൂരം.
"മനുഷ്യനും മനുഷ്യനും പോലെ"
                                               
നെബു എബ്രഹാം 


അരൂപി : നെബു എബ്രഹാം
അരൂപി
രൂപമില്ലാത്ത രൂപഭേതങ്ങള്‍
ആര് എന്ത് എന്തിനു?
പിടി തരാതെ
മറഞ്ഞിരിക്കുന്ന സത്യം.
ചിന്തകള്‍ക്കപ്പുറം  ചിന്ത്യമായ
സ്വത്വം.
അഹം ബ്രഹ്മാസ്മി
എന്നാ ഉള്‍ബോധം.
അഹം ബോധം .
അകത്താളുകളില്‍,
നീലയും കറുപ്പും ചുവപ്പുമായി
നിറഞ്ഞു നീന്തുന്നു.
വേര്‍ തിരിക്കുവാനാകാത്ത വണ്ണം
കലര്‍ന്നുപോയ വര്‍ണ്ണങ്ങള്‍.
ഉടഞ്ഞ കണ്ണാടി ചീളുകള്‍  പോലെ
മുനയുള്ള വെളിച്ച കീറുകള്‍.
ചിതറിയ ഭാഷകള്‍
അക്ഷരങ്ങളില്ലാത്ത
പ്രാകൃത സത്വം.

നെബു എബ്രഹാം

അര്‍ത്ഥമില്ലാത്ത ചില വരികള്‍ : നെബു എബ്രഹാംഓര്‍മകളുടെ വക്കുടഞ്ഞ ചില്ലുപാത്രങ്ങളില്‍
നിഷേധിക്കപെട്ട പ്രണയത്തിന്‍റെ വറ്റുകള്‍.
കാത്തിരിപ്പിന്‍റെ പതിറ്റാണ്ടുകള്‍
പ്രതീക്ഷയുടെ പ്രഭാതങ്ങള്‍
കരി പിടിച്ച റാന്തല്‍ പോലെരിഞ്ഞുതീര്‍ന്നു.
ഓര്‍മചിത്രങ്ങളില്‍  നിന്‍റെ മുഘപൂവ്.
അടഞ്ഞ ജനാലകള്‍ക്കപ്പുറം നിന്ന്
നീ ചിരിക്കുന്നു.
വലിച്ചെറിയപ്പെട്ട പ്രാണന്‍റെ വിലാപവും
തിരിച്ചറിയാതെ പോയ സ്നേഹവും
നിന്‍റെ തീവ്രമാം  മൗനത്തിന്‍
അഗാതങ്ങളില്‍ വീണു ചിതറുന്നു.

നെബു എബ്രഹാം

Tuesday, 14 February 2012

അള്‍ത്താര


ചോരയായി വീഞ്ഞും
മാംസമായി അപ്പവും
ചോദ്യ ചിഹ്നം പോലെ
പാതിരിയും.
ഇടയഗാനം 
കറ കറ ശബ്ദത്തില്‍ 
ആലപിക്കുന്ന 
കുപ്പിമുഘമുള്ള പാട്ടുകാരന്‍.
ചെയുന്നതെന്തെന്ന് അറിയാത്ത
പാതിരി,
വീഞ്ഞും അപ്പവും ഉയര്‍ത്തി 
അന്തംവിട്ടു നില്‍ക്കുന്നു.
കര്‍ത്താവ്‌,
ഇതെല്ലാം കണ്ട്
ഒഴിഞ്ഞ മൂലയില്‍ നിന്ന് 
പൊട്ടിച്ചിരിക്കുന്നു.
പാവം കര്‍ത്താവ്‌ 
എന്ത് തെറ്റാണ് ചെയ്തത്.
ഉണ്ടായിരുന്ന ഒരേ ഒരു മകനെ 
കൊലയ്ക്കു കൊടുത്തു.

ഒരു പുക മറയ്ക്കുള്ളിലെ ജീവിതം.
എരിഞ്ഞമരുന്നതറിയാതെ
മറഞ്ഞിരിക്കാന്‍ ഒരു മറ.
മുന്‍പില്‍,
മതിലു പോലെ എന്തോ ഒന്ന് 
മാര്‍ഗമെല്ലാം അടച്ചു നില്‍ക്കുന്നു.
പ്രതീക്ഷകള്‍ എല്ലാം 
മതിലിന്നു പുറത്താണ് 
മുന്‍പോട്ടു നോക്കിയാല്‍ കാണാം
പൊള്ളയായി പോയ 
വെട്ടു കല്ലിന്‍ പോടകള്‍ 
ഒരൊറ്റ ഉന്തില്‍ വീഴാം
എങ്കിലും;
ആത്മസൃഷ്ടിയാം ഈ 
ഇരുട്ടിലാനെന്റെ ജീവിതം.
പുറത്ത്,
പുലമ്പലുകള്‍, വിഡ്ഢിചിരികള്‍ 
വീരസ്യങ്ങള്‍ വിങ്ങലുകള്‍
വിശുദ്ധ വാക്യങ്ങള്‍.