Wednesday, 30 December 2015

വിശുദ്ധിയുടെ ബലിമൃഗങ്ങൾ.. നെബു എബ്രഹാം

ഓരോ ജപവും,
ഓരോ വിലാപ കാവ്യങ്ങളാണ്.
ഉടലും ഉയിരും ഉരുവിടുന്നത്,
ഒരേ മന്ത്രങ്ങളാണ്..
വെറുപ്പിന്റെ ശാപമന്ത്രങ്ങൾ.
ഓരോ മന്ത്രവും ഓരോ ഖണ്ടകാവ്യങ്ങളാണ്.
കരിയില പോലെ ആത്മാവ് ഉലഞ്ഞു പറക്കുമ്പോൾ,
വരണ്ട നിലമൊരുക്കി
അവർ കാത്തിരിക്കുകയാണ്....
വിശുദ്ധിയുടെ ബലിമൃഗങ്ങൾ...തോൽവിയും ജയവും... നെബു എബ്രഹാം..

ആരവങ്ങൾ അടങ്ങട്ടെ..
അപ്പോഴറിയാം വിധിയെഴുത്ത്...
നറുക്കു വീണ വിധിയുടെ വെളിപാടാണ്
നമുക്ക്.
പാടം പോലെ പരന്നു കിടക്കുകയാണ്-
പായൽ തടാകങ്ങൾ.
ജീവിതം പോലെ..
വഴുക്കുള്ള പാറകൾ
ഒഴുക്കു മുടക്കുന്നു.
നില കിട്ടിയവർക്കും ഉണ്ട്
പരാതികൾ.
നില തെറ്റിയവന്റെ വിലാപം പോലെ,
അത്...
മുറിയാത്ത വരമ്പുകൾക്ക്
അതിരളക്കുന്നു .....

കണ്ണീർ വിളയുന്ന ഉപ്പു പാടങ്ങൾ.. നെബു എബ്രഹാം.

ഉപ്പു വിളയുന്നത്
കണ്ണീർ പാടങ്ങളിലാണ്
അവ പരലുകളായി ഉറക്കുന്നത്,
നോവിന്നു കാണാം കൂടുമ്പോഴാണ്.
കണ്ണുനീരിന്റെ പുണ്യമാണ്
ഉപ്പിലെ ഉപ്പ്.
ജീവന്റെ പുണ്യം തുടിക്കുന്ന
വറ്റാത്ത തടാകങ്ങളാണ്,
ഓരോ ജീവകണികയും.
നമ്മളോ...
ഉനക്ക് നിലത്ത് അവയെ
കൊയ്ത്തിനു വച്ചു....
ആത്മാവിലെ ജലം വറ്റി!
ഉപ്പിലെ ഉപ്പും
ഇല്ലാതെയായി!
        കണ്ണുനീർ ഉത്പാദിപ്പിക്കാൻ
        ഇനി ഫാക്ടറികൾ വേണ്ടിവരും...!Thursday, 17 September 2015

വെറുപ്പിന്റെ കന്യകാത്വം 2 ( ഒരു കന്യാസ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നു.)
വിശുദ്ധിയുടെ ബലി മൃഗങ്ങൾക്ക് ഒരു ചരമക്കുറിപ്പ്.
ഹൃദയപൂർവ്വം,
നെബു എബ്രഹാം

നിന്റെ ഉടലിൽ നിറച്ച വിഷമാണ് വിശുദ്ധി.
നിനക്ക് ചുറ്റും പറക്കുന്ന കഴുകന്മാരുടെ ചിറകടി
എന്റെ നെഞ്ചിൽ മിടിക്കുന്നു.
ഞാൻ ആണയിട്ടു പഠിച്ച വിശുദ്ധ വാക്യങ്ങൾ
എന്റെ പ്രാണനെ ചുട്ടു പൊള്ളിക്കുന്നു.
കന്യകയുടെ വിലാപത്തിനപ്പുറം
ഇടിമുഴക്കം പോലെ ആരുടെയൊക്കെയോ
അട്ടഹാസങ്ങൾ കാതു തുളക്കുന്നു.
അവർ പ്രാർഥിക്കുകയാണ്...
ശാപ മോക്ഷത്തിനായി..
നീ അമ്മയായിരുന്നു. വിശുദ്ധിയുടെ മാതാവ്.
ആദ്യം നിന്നെയവർ കന്യാമറിയം എന്ന് വിളിച്ചു.
അപ്പോഴാണ്‌ നീ ആദ്യമായി മരണപ്പെട്ടത്.
നിന്റെ ഉടൽ തിന്നു ചീർത്ത കഴുകന്മാർ,
നക്ഷത്രങ്ങൾക്ക് മീതെ പറക്കുന്നു.
അവർ വാഴ്ത്തപെടെണ്ടവർ...
നീയോ?
ചിതൽ തിന്ന വെറും പിണ്ഡം..
നിന്റെ ആത്മാവിന്റെ കുറുകൽ ഇന്നെനിക്കു കേൾക്കാം
ഞാനും പണ്ടേ മരിച്ചവനാണല്ലോ.
നീ പറഞ്ഞതും പറയാൻ തുനിഞ്ഞതും എല്ലാം...
ഇപ്പോൾ നീ പൊട്ടിച്ചിരിക്കുന്നതും.
ആത്മാവിനു മരണമില്ലെന്ന് ഞാൻ വിശ്വസിക്കാം...
ഇനിയും നീ ഉയർക്കുമെങ്കിൽ.

അമലാ....

നിന്റെ മാംസവും ചോരയും,
അവർ നാളെ പള്ളിയിൽ വിളമ്പും.
അത് തിന്നാൻ അവർ വരും
നിന്നെ കൊല്ലാൻ കൂലി പറഞ്ഞവർക്കൊപ്പമാണ്
ഇന്ന് ദൈവങ്ങളും....
എന്നോടും നീ ക്ഷമിക്കുക
ഞാനും ഈ വിശ്വാസത്തിന്റെ ബലിയാണ്.

അമലാ....

നീയൊരു തുടർച്ചയാണ്
ഒടുങ്ങാൻ ഇനിയും ദൈവം ചതിച്ച
കന്യകമാർ ബാക്കിയുണ്ട്...
ഊഴം കാത്ത്.
മേലുറകൽക്കുള്ളിൽ ഒരുപാട് നഷ്ട ജന്മങ്ങൾ
നിശബ്ദമായി വിലപിച്ചു കൊണ്ടേയിരിക്കുന്നു.
ആർക്കൊക്കെയോ വേണ്ടി...Tuesday, 15 September 2015


പല്ലവി .. മഴയായ് പൊഴിയുന്ന മധുരസംഗീതമേ... മഴയായ് പൊഴിയുന്ന മധുരസംഗീതമേ... മനതാരിൽ മധുവൂറു മധുവർഷമായെന്നിൽ മഴയായ് പൊഴിയുന്ന മധുരസംഗീതമേ... അനുപല്ലവി... ഓർമ്മകൾ തുടിതുള്ളുമീ വർഷ സന്ധ്യയിലെ ന്നോമൽ കിനാക്കളിൽ നീവന്നു നിറയുമ്പോൾ... ഓമലെ.......................... ഓമലെ.. ഇത്രനാൾ ഞാൻ കാത്തൊരാ ചിരി ചിലമ്പിന്റെ നാദമോ..... മഴത്തുള്ളി ഉടയുന്ന മണി നാദമോ മറവിയിൽ മറഞ്ഞൊരാ മധുരസംഗീതമേ... ചരണം.. എന്നുമെൻ ജീവന്റെ തന്ത്രിയിൽ പൂവിട്ട, മുഗ്ദാനുരാഗത്തിൻ സംഗീതമേ... ഒരു നോവ്‌ പാട്ടായ് ഉടൽ നീറുമൊർമ്മയായ് ഓമലെ നീയെങ്ങു പോയ്‌ മറഞ്ഞു.. ആ നഷ്ടരാഗം പിടെഞ്ഞെന്നിൽ നീറുന്നോ... രഷ്ടപഥീലയമായി.... മറക്കാൻ കഴിയാത്ത മനസ്സിലെ മുറിപ്പാടിൽ മഴയായ് പൊഴിയുന്ന മധുരസംഗീതമേ...      
   

   

Monday, 10 August 2015

ഒരു വിയോജിപ്പ്... Nebu Abraham

എന്റെ കണക്കു പുസ്തകത്തിൽ മുഴുവൻ
നഷ്ടങ്ങളുടെ കണക്കുകളാണ്.
ഒരു പ്രഹേളിക പോലെ 
കൂട്ടലുകൾ, കുറക്കലുകൾ,
ഗണിത സത്യങ്ങൾ...
ആരോ വലിച്ചെറിഞ്ഞ പോലെ
കേട്ടിപ്പിണഞ്ഞു കിടക്കുന്നു.
എന്റെ ചിന്തകൾ പോലെ.
ഇതിൽ എവിടെയോ ഞാൻ കുറിച്ചിട്ടിട്ടുണ്ട്
എന്റെ നാഴികക്കല്ലുകൾ.
ഓരോ പടിയും ഓരോ നേരറിവാണ്.
ഓരോ കുതിപ്പിലും ഞാൻ ഇല്ലാതെയാകുന്നു.
അകംപൊരുൾ ഇന്നും അശ്വമേധത്തിലാണ്.
എന്തിനെന്നറിയാതെ.....
എന്റെ കണക്കു പുസ്തകത്തിൽ,
നഷ്ടങ്ങളുടെ അക്കങ്ങൾ ചിതറി തെറിക്കുന്നു.
കണക്കുകൾ കൂട്ടാൻ,
ഇടതു കൈതണ്ടിൽ പേന പിടിപ്പിച്ചു തന്ന
ഗുരുവിനോടാണ് എനിക്ക് കടപ്പാട്.
പ്രപഞ്ച ബോധത്തിലേക്ക്‌ വിരൽചൂണ്ടാൻ
വലതു കൈക്കല്ല
ഇടതിനാണ് എനിക്ക് ബലം.
ആത്മാവ് തപസ്സു തുടങ്ങിയിരിക്കുന്നു.
ഹൃദയവും.
ഇനി മോക്ഷമാണ്.....
കിട്ടുമോ എന്തോ???

കടലാഴത്തിലെ മൌനം മന്ത്രിക്കുന്നത്: നെബു എബ്രഹാം

നീയെനിക്കും ഞാൻ നിനക്കുമെന്നും,
ഒരു കടങ്കഥ മാത്രമായിരുന്നു.
പരസ്പരം അറിയാതെപോയ 
രണ്ടാത്മാവുകൾ......
ഒരു ഹൃദയത്തുടിപ്പിന്റെ ദൂരമേ
ഉണ്ടായിരുന്നുള്ളൂ നമുക്കിടയിൽ
എങ്കിലും, അടുക്കാതെ.....
ഒരു കടലാഴത്തിൽ മൌനം,
നീ അണിഞ്ഞിരുന്നു.
എങ്കിലും....
അതിന്റെ ഭാഷയും അർത്ഥവും,
ഞാൻ അറിഞ്ഞിരുന്നു...
ഞാൻ നിനക്ക് തന്നത്
എന്റെ ജീവന്റെ
രണ്ടു പതിറ്റാണ്ടുകളാണ്..
കാൽ നൂറ്റാണ്ട്.
ഒരു വരണ്ട വിലാപത്തിനിപ്പുറം
ഇന്ന് ഞാനറിയുന്നു.
കടങ്കഥകൾ കടങ്കഥകൾ ആകുന്നതു
അവയ്ക്ക് ഉത്തരം ഇല്ലാതിരിക്കുമ്പോഴാണ്.
നീ എരിച്ചിട്ടു പോയ വർഷങ്ങൾ
ഒരുപിടി ചാരമാകുമ്പോൾ,
അതിൽനിന്നുമൊരു ഫീനിക്സ് പക്ഷിയായി-
വീണ്ടും പിറക്കാം എന്നതും
ഒരു വ്യാമോഹമായി ഒടുങ്ങുന്നു.
ഹൃദയത്തതിനിപ്പോഴും ചടുല വേഗമാണ്.
അതുകൊണ്ട് മാത്രമാണ്
ഈ ചക്രം ഉരുളുന്നത്.