Wednesday, 18 January 2017

തോൽവിയും ജയവും

ആരവങ്ങൾ അടങ്ങട്ടെ..
അപ്പോഴറിയാം വിധിയെഴുത്ത്...
നറുക്കു വീണ വിധിയുടെ വെളിപാടാണ് 
നമുക്ക്.
പാടം പോലെ പരന്നു കിടക്കുകയാണ്-
പായൽ തടാകങ്ങൾ.
ജീവിതം പോലെ..
വഴുക്കുള്ള പാറകൾ
ഒഴുക്കു മുടക്കുന്നു.
നില കിട്ടിയവർക്കും ഉണ്ട്
പരാതികൾ.
നില തെറ്റിയവന്റെ വിലാപം പോലെ,
അത്...
മുറിയാത്ത വരമ്പുകൾക്ക്
അതിരളക്കുന്നു .....

നഖമുദ്രകൾ(നിന്റെ ഓർമ്മകൾ പൊള്ളുമ്പോൾ)

നീ തട്ടിയുടച്ച മഷിപ്പാത്രത്തിൽ ഒന്നിലാണ്
എന്റെ എഴുത്തിന്റെ നാമ്പു മുളച്ചത്.
നീ വലിച്ചെറിഞ്ഞത്,
എന്റെ പ്രാണന്റെ തൂലികയാണ്.
മഷി പടർന്നലിഞ്ഞ താളുകളിലൊന്നിൽ
ഞാനെന്റെ സ്വപ്‌നങ്ങൾ കുറിച്ചിട്ടിരുന്നു.
അക്ഷരങ്ങൾ പൊടിഞ്ഞു പെയ്ത
 ധൂളികൾ...
മനസ്സിലെ പകലിടങ്ങളിൽ
തമോപടലങ്ങളായി ഉറഞ്ഞുപോയി
അറിയാതെയെങ്കിലും;
നിന്റെ നഖമുനകൾ കൊണ്ടത്‌
എന്റെ നെഞ്ചിന്റെ പേലവദലങ്ങളിൽ ആയിരുന്നു.
ഇതളുകളിലൊക്കയും നീ കോറിയിട്ട മുറിപ്പാടുകളിൽ
ഇന്നും..
നിന്റെ ഓർമ്മകൾ പൊള്ളുന്നു.

പറയാതെ മറന്നുപോയത്

എന്റെ ഇടനാഴികൾ
ഇന്നും വിജനമാണ്.
നീ ഒഴിച്ചിട്ടു പോയ ശൂന്യതയിൽ
എന്റെ വിലാപങ്ങൾക്കു ശബ്ദമില്ലാതെയാകുന്നു.
നിനക്കു ഞാൻ പകുത്തുതന്ന,
എന്റെ ആയുസ്സിന്റെ
കണക്കെടുപ്പല്ല.
ആർദ്രമല്ലാത്ത മൗനത്തിൽ പെയ്തു പൊലിഞ്ഞുപോയ
എന്റെ ജീവതാളത്തിന്റെ
പിടപ്പാണ്,
ഞാൻ കുറിച്ചിടുന്നത്
നിന്റെ പാദം പൂണ്ട വഴികളിൽ
ഞാനിന്നും നടക്കാറുണ്ട്.
നീ വലിച്ചെറിഞ്ഞു കളഞ്ഞ
എന്റെ ഹൃദയം തിരഞ്ഞ്
ഇനി;
ഈ പാത മുറിയുന്നിടത്തു്
ഞാനെന്റെ പ്രാണനെ തളക്കും.
അവിടെ,
ഒരുൾത്തുടിപ്പായി വീണ്ടും
നീ പിറക്കുന്നതും കാത്ത്
ഞാൻ തപസ്സിരിക്കും
ജന്മാന്തരങ്ങൾ.

ജീവൻ പെയ്തു പൊള്ളുന്ന മണൽക്കാടുകൾ

നീ പെയ്യാതെ പോയതും,
ഞാൻ പെയ്‌തുലഞ്ഞതും
ഒരേ ആകാശച്ചെരുവിൽ ആയിരുന്നു.
അവിടെയിന്നും..
വ്യാമോഹങ്ങളുടെ പട്ടടയിൽ
ചടുലതകളില്ലാതെ;
ജീവൻ തളർന്നൊടുങ്ങുന്നു.
ആരവമൊഴിഞ്ഞ മണൽക്കാടുകളിൽ
ഞാനിന്നും തനിച്ചാണ്.
നീ തളിർക്കാതെപോയ ചില്ലകളിലാണ്,
എന്റെ ജീവവൃക്ഷത്തിന്റെ കാതൽ തളിർത്തത്.
ഇവിടെ,
ശൈത്യമുറയുമ്പോൾ...
നീയെന്നത് ഒരു കടങ്കഥയാകുന്നു.
ഇന്നലെകളുടെ ഓർമ്മകൾ തിണിർത്ത പാടുകളി-
ലൂർദ്വൻ വലിക്കുന്ന പ്രാണൻ,
വാടിപ്പോയ സന്ധ്യയുടെ തമസ്സിൽ
ഉന്മാദമാകുന്നു.
നീ അറിയാതെ പോയത് ഒന്നുമാത്രമാണ്.
നഷ്ടങ്ങളുടെ തമോതലങ്ങളിൽ
പാഴലകളായ് പൊലിഞ്ഞുപോയത്
എന്റെ...
ഒരായിരം ജന്മങ്ങളുടെ
കൊടുംതപസ്സായിരുന്നു..

പ്രയാണം(ഒരു പകൽ സ്വപ്നത്തിന്റെ മുറിവിൽ)

അകലെ, 
 വിദൂരതയിൽ എന്റെ പിറവിക്കായി വൃതം നോറ്റൊരുവൾ
ജനിമൃതിയുടെ കർമ്മകാണ്ഡങ്ങളിൽ തപസ്സിരിക്കുന്നു.
പിറവിയുടെ പഴയ ചരിതത്തിന്റെ ചാറു വറ്റാതെ നോക്കണം.
പുതിയ പുലരിയുടെ വെട്ടംതണുക്കുമ്പോൾ
ഒരു ജലധാരയിൽ എന്റെ ജീവൻ തളിർക്കും.
ഒരിറ്റു നോവിന്നു പുണ്യമായ്.
ഈ ഉടൽ പണ്ടവും,
ഇതിലുരുകി അഴുകിതീർന്ന നഷ്ടതാളങ്ങളും,
നോവും,
എവിടെയോ വച്ചു മറന്ന എന്റെ ഹൃദയവും...
അതിലെ നഖപ്പാടുകളും
ചിതയിലെറിയാം.
ഈ തീരംഎനിക്കന്യമാകുമ്പോൾ,
പിറവിയുടെ ആത്മബോധത്തിൽ ഞാൻ ഉന്മാതമാകും.
അനാധിയാകും...
ഇനി...
എന്റെ ആത്മാവിനെ ഉലയിൽ വക്കണം.
പിന്നെ തർപ്പണം.
ശിഷ്ട മോഹങ്ങൾക്കും,
തളിർക്കാതെപോയ ഹൃധയാഭിലാഷത്തിനും.

കണ്ണീർ വിളയുന്ന ഉപ്പു പാടങ്ങൾ

ഉപ്പു വിളയുന്നത് 
കണ്ണീർ പാടങ്ങളിലാണ് 
അവ പരലുകളായി ഉറക്കുന്നത്,
നോവിന്നു കാണാം കൂടുമ്പോഴാണ്.
കണ്ണുനീരിന്റെ പുണ്യമാണ്
ഉപ്പിലെ ഉപ്പ്.
ജീവന്റെ പുണ്യം തുടിക്കുന്ന
വറ്റാത്ത തടാകങ്ങളാണ്,
ഓരോ ജീവകണികയും.
നമ്മളോ...
ഉനക്ക് നിലത്ത് അവയെ
കൊയ്ത്തിനു വച്ചു....
ആത്മാവിലെ ജലം വറ്റി!
ഉപ്പിലെ ഉപ്പും
ഇല്ലാതെയായി!
കണ്ണുനീർ ഉത്പാദിപ്പിക്കാൻ
ഇനി ഫാക്ടറികൾ വേണ്ടിവരും...!

മഴ( കെട്ടുപോയ ആത്മനാളം)

നീ കെടുത്തിയിട്ടു പോയ ജീവനാളത്തിലിന്നും
പ്രാണൻ പുകയൂതുന്നു.
നിന്റെ ഓർമ്മകളുറങ്ങുന്ന പൂമുഖത്തിപ്പോഴും
നിന്റെ ഗന്ധമുണ്ട്.
നിന്റെ നഖമുനകൊണ്ട
മുറിവിടങ്ങൾ
സാക്ഷി.
ഇവിടെ,
ഓർമ്മകൾ മൂടിവെക്കാൻ
ഒരിലത്താലം പോലുമില്ല.
നീയെന്നിലും ഞാൻ നിന്നിലുമുന്മാദമായ
സത്യബോധത്തിൽ
എന്നിലെ താളം
ഇന്നും തുടിക്കുന്നു.

മൗനംകൊണ്ടു മുറിവേൽക്കുമ്പോൾ

ചോദ്യങ്ങളത്രയും ബാക്കിയാകുന്നു
കെടാത്ത കനലുകളായ്
ഉള്ളിന്റെ കാണാപ്പുറങ്ങളിൽ
നീ മുറിച്ചെടുത്തുപോയ ചങ്കിന്റെ പാതിയിൽ, അവയിന്നും നിലക്കാത്ത പിടപ്പുകളാകുന്നു
നീ കാണാതെപോയത്.,
നിന്റെ വിരൽകൊണ്ട്‌ പിളർന്ന ദാഹത്തിലൂറിയ ചോരപ്പാടുകളാണ്.
ഞാനിന്നും
തളിർക്കാത്ത ചില്ലയായ്
ഈ വരണ്ടമണ്ണിന്റെ വിലാപമാകുന്നു.
നീയോ...
കടങ്കഥകൾക്കു പിന്നിൽ മൗനമാകുന്നു.

ചില അപ്രിയ സത്യങ്ങൾ

സത്യം...
മൺപുറ്റിനുള്ളിൽ തളച്ചിട്ട ബോധം.
ജലത്താലും മരണത്താലും
വീണ്ടും ജനനം.
മനനം ജ്ഞാനം ആത്മം
ജീവന്റെ പ്രയാണം.
ഞാൻ എന്നത് നാം എന്നതിലേക്കെത്തുന്ന മോക്ഷം.
അഗ്നിശുദ്ധി സ്വർഗ്ഗം നരകം.
അസത്യം...
ജീവന്റെ വൃക്ഷം
കായ്ച്ചതും കായ്ക്കാത്തതും.
പറിക്കരുത്
പറിച്ചെടുത്താൽ ഭക്ഷിക്കരുത്,
ഭക്ഷിച്ചാൽ ദഹിപ്പിക്കരുത്.
ആത്മാവിന്റെ മരണമാണത്.
ദുർവ്വിധി...
വീണ്ടും പിറവി.
അജ്ഞാനത്തിന്റെ ശ്രാദ്ധമൂട്ട്
പാപത്തിന്റെ ശമ്പളം.

മുഖങ്ങളില്ലാത്തവർ:

വെറുംകൊള്ളിയുടെ വിരക്തമായ തനിയാവർത്തനംപോലെ,
ജീവൻ തളിർപൊടിക്കാത്ത ചില്ലകൾ 
ഇപ്പോഴും....
ഏതോ സുഖസമൃതിയുടെ
കാറ്റിൽ ചുരമാന്തുന്നു.
ഹൃദയം ശൂന്യമാണ്.
ഈ ത്രിസന്ധ്യയിൽ
ഞാനും നീയും
ഒരേ നോവിന്റെ ഉൾത്തുടിപ്പുകളാകുന്നു.
നമ്മൾ
മുഖങ്ങളില്ലാത്തവർ.
ഞാൻ;
ഇനിയും പെയ്തൊഴിയാത്ത മൂടൽമേഘങ്ങളുടെ സങ്കടക്കനലാണ്.
ജലം വറ്റിയ സ്വപ്നകൂപത്തിന്റെ വക്കിൽ
എന്റെ വേരുകൾ മിടിക്കുന്നു.
നീയോ;
ഞാൻ തപംചെയ്ത കർമ്മകാണ്ഡങ്ങളിൽ ഇലത്താളമായ് തുടിക്കുന്നു.
ആ നഷ്ടകാണ്ഡങ്ങളിൽ.

സാക്ഷ്യം (സത്യബോധത്തിന്റെ)

ഇന്നലെകൾ ഇല്ലാതെയാകുന്നതും
നാളെയുടെ പാതയോരങ്ങളിൽ മുൾവനങ്ങൾ പൂവിടുന്നതും
നാമറിയുന്നു.
പ്രിയേ;
നാം നമ്മുടെ ജീവൻ തളച്ചിട്ട പുൽപ്പരപ്പുകളിൽ മഞ്ഞുവീണുറയുന്നു .
കാണാത്ത ചക്രവാളങ്ങളിൽ പ്രാണൻ അളവു തൂക്കുമ്പോൾ
സ്വാർത്ഥമോഹങ്ങളുടെ തടവറകളിൽ,
ഉന്മാദം ഉടലുരുക്കുന്നു.
എല്ലാം ശിക്ഷയുടെ വകഭേദങ്ങളാണ്.
നാം അടക്കിവച്ച അരൂപികളുടെ ആർത്തനാദങ്ങൾ
ദിക്കുകൾ ഭേദിക്കുന്നു.
നമ്മിലെ പ്രണയത്തിന്റെ തോതളക്കാൻ,
നാമിന്നും ആത്മാവിൽ കലഹം കൂടുന്നു.
നീ എന്റെ സത്യബോധത്തിന്റെ സാക്ഷ്യമാണ്.
ഞാനോ...
ജന്മപാപങ്ങളുടെ ഉർവ്വരതയിൽ തപം തുടരുന്നു.

ആത്മവിചിന്തനം(നഷ്ടജന്മങ്ങളുടെ)

ചിതയെരിയുന്ന ചക്രവാളത്തിന്നപ്പുറം 
ചിലതുണ്ട് 
സ്വർഗസീമകൾ കടന്നു ചെല്ലുമ്പോൾ,
അവിടെയൊരു കൂടൊരുങ്ങുന്നുണ്ട്...
നമുക്കുറങ്ങാൻ.
പോയജന്മങ്ങളുടെ നഷ്ടപ്രഹേളികയിൽ
എന്റെയും നിന്റെയും കണക്കുപുസ്തകങ്ങൾ പൊള്ളയാണ്
ഇനിയും തുറക്കാത്ത ജീവപുസ്തകത്തിന്റെ വരികൾക്കിടയിൽ എന്റെ ആത്മാവിന്റെ തുടർക്കഥയുടെ മഷിപിടപ്പുകളുണ്ട്.
അതിന്റെ
താളുകളിൽ ഉൾത്തുടിപ്പുകളായ്
ഓർമ്മകൾ മിടിക്കുന്നു.
ഓരോ പിറവിയും ഓരോ ഉഷസ്സിന്റെ പടിവാതിലിൽ കത്തിച്ച ചെറുനാളംപോലെ സ്പന്ദിച്ചു പൊലിയുന്നു.
ഞാനും അനാദിയാണ്;
നീയെന്റെ ജീവബോധത്തിൽ ഉന്മാദമാകുമ്പോൾ...