Thursday, 4 January 2018

ചില അറിവുകളുണ്ട്;
അർഹിക്കുന്ന നേരത്തു പൊഴിയാതെപോയ മഴപോലെ
ചേറിൽ വീണുകുഴയാൻ മാത്രം വിധിയുള്ളവ.
കാതുകൾക്ക് അമൃതമാവേണ്ട വചനങ്ങൾ ഒടുക്കം 
കരളിനു പൊള്ളലാകും
ചില നഷ്ടങ്ങളുണ്ട് ;
കപടബോധത്തിന്റെ പൊലിമയിൽ
തളിരിടാതെപോയ സൗഹൃദങ്ങൾ
ഇവിടെ മുറിപ്പാടാകുന്നു.
നഷ്ടം
ഒരു വാക്കാണ്.
നഷ്ടപ്പെടുന്നത്
ഒരു ജന്മത്തിന്റെ തണലും.
നെബു എബ്രഹാം:

Wednesday, 29 November 2017

ഇവിടെ;
വിലാപങ്ങൾക്ക് ശബ്ദമില്ലാതെയാകുന്നു.....
വേരറ്റുപോയ വൃക്ഷം പോലെ ദേഹവും,
പാപപുണ്യങ്ങളുടെ കണക്കെടുപ്പിൽ,
പ്രാണനും 
പ്രഹേളികയാകുന്നു.
പട്ടുപോയ പാതിജീവന്റെ മറുപകുതിയിൽ,
പ്രാണന്റെ പിടപ്പുകൾക്കു മോക്ഷമാകുന്നു.
"കണ്ണുകൾ;
പെയ്തൊഴിഞ്ഞ പാടംപോലെ
അകം തോരുന്നു."
ചിതലെടുത്തുപോയ നഷ്ടകാണ്ഡങ്ങളുടെ
തുകൽപ്പൊറ്റകളിൽ എവിടെയോ.............
ഒരു പെരുമഴക്കാലത്തിൽ
സ്മൃതികളുണ്ട്.... മായാതെ....
ഓർമ്മകൾ ജീവശ്ചവങ്ങളായ
നെഞ്ചകത്തിനും
നീ കോറിയിട്ട നോവിൻ പൊറ്റകളാണ്...
പാതിയിൽ മുറിഞ്ഞുപോയൊരു 
പാഴ്ക്കിനാവിൻറെ പൊള്ളലാണ് 
ഇന്നത്തെ പകലിന്റെ മുറിവ്.
മഴ പെയ്യുന്നുണ്ട് 
മണ്ണിലും മനസ്സിലും.
പെയ്യാതെ പോയ വര്ഷങ്ങളുടെ
മുറിവുണക്കാൻ...
പെയ്തു തിമിർക്കട്ടെ
ഒരു പെരുമഴക്കാലം.

(ഓർമകളിലെ) സുഗന്ധം. The smell of "Fire of Love" Nebu Abraham:

(ഓർമകളിലെ) സുഗന്ധം. The smell of "Fire of Love"
Nebu Abraham:
മനസ്സിലെ മുറിവിടങ്ങളിൽ
ഓർമ്മകളുടെ 
മദമുണർത്തുന്നൊരു ഗന്ധമുണ്ട്.
ഒരു പ്രണയകാലത്തിന്റെ ഗന്ധം.
ഇന്നലെകളുടെ വാടാത്ത ഹൃദയപുഷ്പങ്ങളുടെ
ഇതളുകൾ,
മനസ്സിന്റെ താളുകൾക്കിടയിൽ
ഒളിഞ്ഞിരിപ്പുണ്ട്.
ഇടക്കൊന്നു മറിച്ചുനോക്കുമ്പോൾ
ഉണരും
നിന്റെ ഗന്ധം.
പ്രണയാഗ്നിയുടെ ഗന്ധം.
സ്വപ്നകാണ്ഡങ്ങളുടെ മുറിവിടങ്ങളിൽ 
ഞാനിന്നും-
ഒരു ശിലയാണ്.
നീയുപേക്ഷിച്ചുപോയ നിഴലിന്റെ
കാവലാകാൻ...
ഉള്ളുരുക്കത്തിന്റെ ശവപ്പറമ്പുകളിൽ,
പ്രാണൻ;
പടയൊരുക്കത്തിയാണ്.
നിഷേധിക്കപ്പെട്ട ഗതിവേഗങ്ങളുടെ
മുൾപ്പരപ്പുകളിൽ,
താളമില്ലാത്ത പിടപ്പുകളിൽ,
ആകാരം പൊള്ളയാകുന്നു.
ഉൾത്തുടിപ്പുകളിൽ;
ഇന്നും നിന്റെ മുഖമുണ്ട്
മായാതെ.....
ആർദ്രമല്ലാത്ത മൗനദാഹത്തിന്റെ
തടവറയിൽ
ഞാനിന്നും തനിച്ചാണ്.
ചുവടുറയ്ക്കാതെ....

Wednesday, 18 January 2017

തോൽവിയും ജയവും

ആരവങ്ങൾ അടങ്ങട്ടെ..
അപ്പോഴറിയാം വിധിയെഴുത്ത്...
നറുക്കു വീണ വിധിയുടെ വെളിപാടാണ് 
നമുക്ക്.
പാടം പോലെ പരന്നു കിടക്കുകയാണ്-
പായൽ തടാകങ്ങൾ.
ജീവിതം പോലെ..
വഴുക്കുള്ള പാറകൾ
ഒഴുക്കു മുടക്കുന്നു.
നില കിട്ടിയവർക്കും ഉണ്ട്
പരാതികൾ.
നില തെറ്റിയവന്റെ വിലാപം പോലെ,
അത്...
മുറിയാത്ത വരമ്പുകൾക്ക്
അതിരളക്കുന്നു .....

നഖമുദ്രകൾ(നിന്റെ ഓർമ്മകൾ പൊള്ളുമ്പോൾ)

നീ തട്ടിയുടച്ച മഷിപ്പാത്രത്തിൽ ഒന്നിലാണ്
എന്റെ എഴുത്തിന്റെ നാമ്പു മുളച്ചത്.
നീ വലിച്ചെറിഞ്ഞത്,
എന്റെ പ്രാണന്റെ തൂലികയാണ്.
മഷി പടർന്നലിഞ്ഞ താളുകളിലൊന്നിൽ
ഞാനെന്റെ സ്വപ്‌നങ്ങൾ കുറിച്ചിട്ടിരുന്നു.
അക്ഷരങ്ങൾ പൊടിഞ്ഞു പെയ്ത
 ധൂളികൾ...
മനസ്സിലെ പകലിടങ്ങളിൽ
തമോപടലങ്ങളായി ഉറഞ്ഞുപോയി
അറിയാതെയെങ്കിലും;
നിന്റെ നഖമുനകൾ കൊണ്ടത്‌
എന്റെ നെഞ്ചിന്റെ പേലവദലങ്ങളിൽ ആയിരുന്നു.
ഇതളുകളിലൊക്കയും നീ കോറിയിട്ട മുറിപ്പാടുകളിൽ
ഇന്നും..
നിന്റെ ഓർമ്മകൾ പൊള്ളുന്നു.