Wednesday 18 January 2017

ജീവൻ പെയ്തു പൊള്ളുന്ന മണൽക്കാടുകൾ

നീ പെയ്യാതെ പോയതും,
ഞാൻ പെയ്‌തുലഞ്ഞതും
ഒരേ ആകാശച്ചെരുവിൽ ആയിരുന്നു.
അവിടെയിന്നും..
വ്യാമോഹങ്ങളുടെ പട്ടടയിൽ
ചടുലതകളില്ലാതെ;
ജീവൻ തളർന്നൊടുങ്ങുന്നു.
ആരവമൊഴിഞ്ഞ മണൽക്കാടുകളിൽ
ഞാനിന്നും തനിച്ചാണ്.
നീ തളിർക്കാതെപോയ ചില്ലകളിലാണ്,
എന്റെ ജീവവൃക്ഷത്തിന്റെ കാതൽ തളിർത്തത്.
ഇവിടെ,
ശൈത്യമുറയുമ്പോൾ...
നീയെന്നത് ഒരു കടങ്കഥയാകുന്നു.
ഇന്നലെകളുടെ ഓർമ്മകൾ തിണിർത്ത പാടുകളി-
ലൂർദ്വൻ വലിക്കുന്ന പ്രാണൻ,
വാടിപ്പോയ സന്ധ്യയുടെ തമസ്സിൽ
ഉന്മാദമാകുന്നു.
നീ അറിയാതെ പോയത് ഒന്നുമാത്രമാണ്.
നഷ്ടങ്ങളുടെ തമോതലങ്ങളിൽ
പാഴലകളായ് പൊലിഞ്ഞുപോയത്
എന്റെ...
ഒരായിരം ജന്മങ്ങളുടെ
കൊടുംതപസ്സായിരുന്നു..

No comments:

Post a Comment