Thursday 17 September 2015

വെറുപ്പിന്റെ കന്യകാത്വം 2 ( ഒരു കന്യാസ്ത്രീ കൂടി കൊല്ലപ്പെട്ടിരിക്കുന്നു.)
വിശുദ്ധിയുടെ ബലി മൃഗങ്ങൾക്ക് ഒരു ചരമക്കുറിപ്പ്.
ഹൃദയപൂർവ്വം,
നെബു എബ്രഹാം

നിന്റെ ഉടലിൽ നിറച്ച വിഷമാണ് വിശുദ്ധി.
നിനക്ക് ചുറ്റും പറക്കുന്ന കഴുകന്മാരുടെ ചിറകടി
എന്റെ നെഞ്ചിൽ മിടിക്കുന്നു.
ഞാൻ ആണയിട്ടു പഠിച്ച വിശുദ്ധ വാക്യങ്ങൾ
എന്റെ പ്രാണനെ ചുട്ടു പൊള്ളിക്കുന്നു.
കന്യകയുടെ വിലാപത്തിനപ്പുറം
ഇടിമുഴക്കം പോലെ ആരുടെയൊക്കെയോ
അട്ടഹാസങ്ങൾ കാതു തുളക്കുന്നു.
അവർ പ്രാർഥിക്കുകയാണ്...
ശാപ മോക്ഷത്തിനായി..
നീ അമ്മയായിരുന്നു. വിശുദ്ധിയുടെ മാതാവ്.
ആദ്യം നിന്നെയവർ കന്യാമറിയം എന്ന് വിളിച്ചു.
അപ്പോഴാണ്‌ നീ ആദ്യമായി മരണപ്പെട്ടത്.
നിന്റെ ഉടൽ തിന്നു ചീർത്ത കഴുകന്മാർ,
നക്ഷത്രങ്ങൾക്ക് മീതെ പറക്കുന്നു.
അവർ വാഴ്ത്തപെടെണ്ടവർ...
നീയോ?
ചിതൽ തിന്ന വെറും പിണ്ഡം..
നിന്റെ ആത്മാവിന്റെ കുറുകൽ ഇന്നെനിക്കു കേൾക്കാം
ഞാനും പണ്ടേ മരിച്ചവനാണല്ലോ.
നീ പറഞ്ഞതും പറയാൻ തുനിഞ്ഞതും എല്ലാം...
ഇപ്പോൾ നീ പൊട്ടിച്ചിരിക്കുന്നതും.
ആത്മാവിനു മരണമില്ലെന്ന് ഞാൻ വിശ്വസിക്കാം...
ഇനിയും നീ ഉയർക്കുമെങ്കിൽ.

അമലാ....

നിന്റെ മാംസവും ചോരയും,
അവർ നാളെ പള്ളിയിൽ വിളമ്പും.
അത് തിന്നാൻ അവർ വരും
നിന്നെ കൊല്ലാൻ കൂലി പറഞ്ഞവർക്കൊപ്പമാണ്
ഇന്ന് ദൈവങ്ങളും....
എന്നോടും നീ ക്ഷമിക്കുക
ഞാനും ഈ വിശ്വാസത്തിന്റെ ബലിയാണ്.

അമലാ....

നീയൊരു തുടർച്ചയാണ്
ഒടുങ്ങാൻ ഇനിയും ദൈവം ചതിച്ച
കന്യകമാർ ബാക്കിയുണ്ട്...
ഊഴം കാത്ത്.
മേലുറകൽക്കുള്ളിൽ ഒരുപാട് നഷ്ട ജന്മങ്ങൾ
നിശബ്ദമായി വിലപിച്ചു കൊണ്ടേയിരിക്കുന്നു.
ആർക്കൊക്കെയോ വേണ്ടി...



No comments:

Post a Comment