Monday, 10 August 2015

കടലാഴത്തിലെ മൌനം മന്ത്രിക്കുന്നത്: നെബു എബ്രഹാം

നീയെനിക്കും ഞാൻ നിനക്കുമെന്നും,
ഒരു കടങ്കഥ മാത്രമായിരുന്നു.
പരസ്പരം അറിയാതെപോയ 
രണ്ടാത്മാവുകൾ......
ഒരു ഹൃദയത്തുടിപ്പിന്റെ ദൂരമേ
ഉണ്ടായിരുന്നുള്ളൂ നമുക്കിടയിൽ
എങ്കിലും, അടുക്കാതെ.....
ഒരു കടലാഴത്തിൽ മൌനം,
നീ അണിഞ്ഞിരുന്നു.
എങ്കിലും....
അതിന്റെ ഭാഷയും അർത്ഥവും,
ഞാൻ അറിഞ്ഞിരുന്നു...
ഞാൻ നിനക്ക് തന്നത്
എന്റെ ജീവന്റെ
രണ്ടു പതിറ്റാണ്ടുകളാണ്..
കാൽ നൂറ്റാണ്ട്.
ഒരു വരണ്ട വിലാപത്തിനിപ്പുറം
ഇന്ന് ഞാനറിയുന്നു.
കടങ്കഥകൾ കടങ്കഥകൾ ആകുന്നതു
അവയ്ക്ക് ഉത്തരം ഇല്ലാതിരിക്കുമ്പോഴാണ്.
നീ എരിച്ചിട്ടു പോയ വർഷങ്ങൾ
ഒരുപിടി ചാരമാകുമ്പോൾ,
അതിൽനിന്നുമൊരു ഫീനിക്സ് പക്ഷിയായി-
വീണ്ടും പിറക്കാം എന്നതും
ഒരു വ്യാമോഹമായി ഒടുങ്ങുന്നു.
ഹൃദയത്തതിനിപ്പോഴും ചടുല വേഗമാണ്.
അതുകൊണ്ട് മാത്രമാണ്
ഈ ചക്രം ഉരുളുന്നത്.

No comments:

Post a Comment